Tuesday, January 3, 2012

Where Is Soni M Bhattathiripad?

കേരളം മുഴുവന്‍ അറിയപ്പെട്ടിരുന്ന ഈ മാധ്യമ പ്രവര്‍ത്തകനെ കാണാതായിട്ട് മൂന്ന് വര്ഷം കഴിഞ്ഞു...അന്വേഷണം വഴി മുട്ടി.വര്‍ഗ സ്നേഹമില്ലാത്ത മാധ്യമ ലോകത്തിനും ഈ സംഭവത്തില്‍ താല്പര്യമില്ല.ഒരു കാര്യം ഉറപ്പാണ്‌ ..ഫേസ് ബുക്ക്‌ കൂട്ടായ്മ വിചാരിച്ചാല്‍ സോണി ഭട്ടതിരിപ്പാട് എന്ന ഈ മാധ്യമ പ്രവര്‍ത്തകനെ കണ്ടെത്താന്‍ കഴിയും.വഴി കണ്ണുമായി മകനെ കാത്തിരിക്കുന്ന വൃദ്ധരായ ഒരച്ഛനും അമ്മയ്ക്കും വേണ്ടി ....അച്ഛനെ കാത്തിരിക്കുന്ന മക്കള്‍ക്ക്‌ വേണ്ടി ...ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യക്ക് വേണ്ടി



സോണിയെവിടെ?
വാര്‍ത്തകള്‍ക്കപ്പുറത്തെ മനുഷ്യന്‍

നീര്‍വേലിയിലെ കാറ്റിനു പ്രത്യേകതയേറെയാണ്‌. നന്മയും നൈര്‍മല്യവും കരുതലുമെല്ലാം പ്രദാനം ചെയ്യാനുള്ള കഴിവുണ്ടതിന്‌. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള നീര്‍വേലിയിലെ പ്രത്യേകതകള്‍ ഏറെയുള്ള ആ കാറ്റേറ്റ്‌് ഗ്രാമീണതയുടെ എല്ലാ നന്മകളുമനുഭവിച്ചുവളര്‍ന്ന സോണി എം. ഭട്ടതിരിപ്പാട്‌ എന്ന മാധ്യമപ്രവര്‍ത്തകനെ കാണാതായിട്ട്‌ മൂന്നുവര്‍ഷം പിന്നിട്ടു. എങ്ങുമെത്താത്ത അന്വേഷണങ്ങള്‍ കാറ്റിനൊപ്പം ദിശയറിയാതെ സഞ്ചരിക്കുന്നു. നീര്‍വേലി ശ്രീരാമക്ഷേത്രത്തിനു സമീപത്തുകൂടിയുള്ള ഒറ്റയടിപ്പാതയില്‍ സോണിയുടെ കാലടികള്‍ പതിഞ്ഞിട്ടു മൂന്നുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഗ്രാമാന്തരീക്ഷത്തെ ഒന്നാകെ പുല്‍കുന്ന വീട്ടില്‍ മകനെവിടെയെന്നറിയാതെ നീറിനീറി കഴിയുകയാണ്‌ സോണിയുടെ അച്‌ഛനുമമ്മയും.

രാവിലെ ബസിറങ്ങി സോണിയുടെ വീട്ടിലേക്കുള്ള ഗ്രാമപാതയിലൂടെ നടക്കുമ്പോള്‍ ഗ്രാമം അതിന്റെ നന്മകള്‍ തുറന്നുവച്ചിരുന്നു. പൂര്‍വികരുടെ ഓര്‍മകളും ആത്മബന്ധങ്ങളും തണുപ്പേറിയ ആ കാറ്റിനൊപ്പം ഗ്രാമീണരെ തഴുകുന്നുണ്ടായിരുന്നു. ഇതിനൊപ്പം ആ ഗ്രാമത്തിന്റെ എല്ലാമെല്ലാമായിരുന്ന സോണിയുടെ ഓര്‍മകളും. 'നീ ഒന്നുമല്ല... ഞാനരികെയുണ്ട്‌' എന്ന സോണി ഏറെ ഇഷ്‌ടപ്പെട്ടിരുന്ന വരികള്‍ കാറ്റിനൊപ്പം ആ നാടിനെയാകെ വലയം ചെയ്യുന്നു. നന്മയുടെ പ്രതീകമായ നാട്‌. നാടിന്റെ എല്ലാ നന്മകളും ആത്മാവില്‍ ആവിഷ്‌കരിച്ച പച്ചയായ മനുഷ്യന്‍.അതായിരുന്നു സോണി.

സോണി എം. ഭട്ടതിരിപ്പാട്‌ എന്ന മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തിന്‌ ഡിസംബര്‍ എട്ടിനു മൂന്നുവയസു തികഞ്ഞിരുന്നു. ഇന്ത്യാവിഷന്‍ ചാനലില്‍ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററായിരുന്ന സോണിയെ ഗോവന്‍ ചലച്ചിത്ര മേള റിപ്പോര്‍ട്ട്‌ ചെയ്‌തു മടങ്ങുംവഴിയാണ്‌ കാണാതാകുന്നത്‌. മലയാള മനോരമ കാസര്‍ഗോഡ്‌ ബ്യൂറോ ചീഫായും മനോരമന്യൂസിലെ 'നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത'യിലൂടെയും ഇന്ത്യാവിഷനിലെ 'കേരളനടന'ത്തിലൂടെയും മാധ്യമലോകത്ത്‌ തിളങ്ങിയ സോണി ഇന്നെവിടെയെന്ന്‌ ആര്‍ക്കുമറിയില്ല. ദുരന്തങ്ങള്‍ ആഘോഷിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത്‌ സോണിയെന്ന മുപ്പത്തിയെട്ടുകാരന്‍ ഒന്നുമല്ലാതായി മാറുകയാണെന്ന തോന്നലുയരുമ്പോഴും പ്രപഞ്ചത്തിലെവിടെയോ, ചുണ്ടില്‍ മായാത്ത ചെറുപുഞ്ചിരിയുമായി ആ ചെറുപ്പക്കാരന്‍ നടന്നുനീങ്ങുന്നുണ്ടാകാമെന്
ന വിശ്വാസം മുറുകെപ്പിടിക്കുകയാണ്‌ ആ മനുഷ്യനെ സ്‌നേഹിക്കുന്നവര്‍. പെട്ടെന്നൊരു ദിവസം ട്രെയിനില്‍വച്ച്‌ സോണിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്‌ സോണിക്കുവേണ്ടിയുള്ള അന്വേഷണങ്ങളായി. പോലീസ്‌ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വിവിധ സംസ്‌ഥാനങ്ങളില്‍ ലുക്കൗട്ട്‌ നോട്ടീസ്‌ പ്രസിദ്ധീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട്‌ അലഞ്ഞു. എന്നാല്‍ സോണി ഇന്നും അപ്രത്യക്ഷനാണ്‌.

മൂന്നുവര്‍ഷം മൂന്നു നൂറ്റാണ്ടുപോലെയാണ്‌ സോണിയുടെ അച്‌ഛനും അമ്മയ്‌ക്കും. മകനെ ജീവനേക്കാളേറെ സ്‌നേഹിച്ച പത്മനാഭന്‍ ഭട്ടതിരിപ്പാടും ഒരുനിമിഷംപോലും മകനെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കഴിയാത്ത സുവര്‍ണ്ണിനി അന്തര്‍ജനവും. ആ കണ്ണുകളില്‍ പ്രതീക്ഷ വറ്റിയിരിക്കുന്നു. മകന്റെ അസാന്നിധ്യം അമ്മയെ ഒരുപാടു തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. പ്രത്യാശയറ്റ നോട്ടത്തിനിടയില്‍ ചിരിക്കാനുള്ള അവരുടെ ശ്രമം വിഫലമാവുകയാണ്‌. മാതൃഹൃദയത്തിന്റെ തേങ്ങലുകള്‍ വിലാപമായി അന്തരീക്ഷത്തിലുയര്‍ന്നുപൊങ്ങുന്നു.

സോണീ.... നീ എവിടെയാണ്‌?

ഇനിയും മടങ്ങിവരുവാന്‍ നീയെന്തിനു മടിക്കുന്നു?

ഗ്രാമീണതയുടെ നന്മയും സ്വത്വവും ഏറെയുള്ള സ്‌ഥലമാണ്‌ നീര്‍വേലി. പ്രകൃതി അതിന്റെ ശാന്തത മറയില്ലാതെ പ്രദര്‍ശിപ്പിക്കുന്നു ഇവിടെ. ഈ മണ്ണില്‍ ജനിച്ചതിനാലാകണം സോണിക്ക്‌ മനുഷ്യമനസുകളെ മറയില്ലാതെ കാണാന്‍ സാധിച്ചിരുന്നത്‌. സോണിയുടെ ഓരോ വാക്കിലും നോക്കിലും അതു പ്രകടവുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതഭൂമിയിലൂടെ കരയുന്ന മനസുമായി സോണി ഓടിനടന്നതു കേവലം സ്‌കൂപ്പുകള്‍ക്കുവേിയായിരുന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ എന്നതിലുപരി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാനുഷികമൂല്യമുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ വേഷമായിരുന്നു സോണിക്ക്‌. വിഷം തിന്നാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ ദുരന്തചിത്രം സോണി വായനക്കാരന്റെ മനസില്‍ കോറിയിട്ടു. പത്രത്തില്‍നിന്നു ചാനലിലെത്തിയപ്പോള്‍ ചെയ്യാന്‍ ഒരുപാടുണ്ടായിരുന്നു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന പല ക്ഷുദ്രശക്‌തികളേയും തന്റെ വാര്‍ത്തകളിലൂടെ മുട്ടുകുത്തിക്കാന്‍ അസാമാന്യ വൈദഗ്‌ധം സോണി പ്രകടിപ്പിച്ചിരുന്നു. പ്രേക്ഷകഹിതത്തിനു പ്രാധാന്യം കല്‍പ്പിച്ച സോണി 'നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത'യുമായി രംഗത്തെത്തിയതു പലരുടേയും നെറ്റിചുളിയാനിടയാക്കി. പൊതുരാഷ്‌ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന പല സദാചാരസിംഹങ്ങളുടേയും യഥാര്‍ഥമുഖം വൈകൃതങ്ങള്‍ നിറഞ്ഞുനിന്നിരുന്നതാണെന്ന്‌ ആവര്‍ത്തിച്ചുപറയാന്‍ സോണിക്കു സദാ ചുണ്ടില്‍ വിരിയുന്ന ചെറുപുഞ്ചിരിയുടെ പിന്‍ബലം മാത്രം മതിയായിരുന്നു. ഇഷ്‌ടമുള്ള വാര്‍ത്തകള്‍ വീണ്ടും വീണ്ടും കാണാനുള്ള അവകാശം പ്രേക്ഷകനു ചാര്‍ത്തിനല്‍കിയപ്പോള്‍ അവര്‍ സോണിയെയും പലതവണ കണ്ടിരുന്നു. അവനിലെ മനുഷ്യനേയും.

സോണിയെ കാണാതാകുന്നു

ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു സോണിയുടെ തിരോധാനം. 2008 ഡിസംബര്‍ എട്ടിനാണ്‌ മലയാള മാധ്യമലോകത്തു ജ്വലിച്ചുനിന്ന ആ നക്ഷത്രത്തെ നഷ്‌ടമാകുന്നത്‌. ഡിസംബര്‍ ഒന്നിനു ഗോവയില്‍ ഇന്ത്യാവിഷനുവേണ്ടി അന്താരാഷ്‌ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ മാനസിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ട സോണി നേരേ പോയത്‌ മംഗലാപുരത്തെ മുള്ളേഴ്‌സ് ആശുപത്രിയിലേക്കായിരുന്നു. അവിടെ ജോണ്‍ മത്തായിയുടെ ക്ലിനിക്കില്‍ ഒരാഴ്‌ചത്തെ വിശ്രമത്തിനുശേഷം ഭാര്യാപിതാവ്‌ എം. ഗണപതി നമ്പൂതിരിക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്കുമടങ്ങിയ സോണിയെ കാഞ്ഞങ്ങാടുവച്ചാണ്‌ കാണാതായത്‌. ബാത്ത്‌റൂമിലേക്കെന്നുപറഞ്ഞു പോയ സോണി ഒരുമണിക്കൂറായിട്ടും മടങ്ങിവന്നില്ല. രാത്രി വൈകി വീട്ടിലേക്കുവിളിച്ച സോണി താന്‍ കോഴിക്കോടുന്നെും ചില അസൈന്‍മെന്റ്‌സ് ചെയ്‌തുതീര്‍ക്കാനുണ്ടെന്നുമാണ്‌ അവസാനം പറഞ്ഞത്‌. മന്ന്യത്ത്‌ ഇല്ലമെന്ന സോണിയുടെ വീട്ടില്‍ അന്നുരാത്രി എല്ലാവരും സമാധാനമായി ഉറങ്ങി. മനസമാധാനത്തോടെയുള്ള അവസാനത്തെ ഉറക്കമായിരുന്നു അവര്‍ക്കത്‌. പിന്നെ സോണിയെ ആരും കണ്ടിട്ടില്ല.

പിറ്റേന്നുമുതല്‍ രണ്ടു വൃദ്ധജീവിതങ്ങളുടെ താളക്രമം തെറ്റിക്കൊണ്ടേയിരുന്നു. ജീവിതത്തില്‍ ചെയ്‌തുതീര്‍ക്കാന്‍ ഒരുപാടുണ്ടെന്നു വിശ്വസിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ ആഗ്രഹങ്ങളുടെ ഭാണ്ഡക്കെട്ടുപേക്ഷിച്ച്‌ എങ്ങോട്ടാണു പോയത്‌? ഒരു മനുഷ്യായുസിന്റെ സുവര്‍ണകാലഘട്ടത്തില്‍ ചെയ്‌തുതീര്‍ക്കാനാകാത്ത എന്ത്‌ അസൈന്‍മെന്റാണ്‌ സോണിക്കുള്ളത്‌? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പട്ടികയ്‌ക്ക് കനം കൂടുകയാണ്‌.

അര്‍ഥമില്ലാത്ത അന്വേഷണങ്ങള്‍

''പോലീസിനിപ്പൊ എന്റെ മോനെ അന്വേഷിക്കാനാ സമയം? അവര്‍ക്കു വേറേ എന്തൊക്കെ ജോലികള്‍ ചെയ്യാന്‍ കിടക്കുന്നു?'' ഒട്ടനവധി അന്വേഷണങ്ങള്‍ നടത്തിയിട്ടും സോണിയെ കണ്ടെത്താനാകാത്തതിലുള്ള കടുത്തവിഷമത്തോടെ പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ ചോദിക്കുന്നു. സോണിയെ കാണാതായതിനുശേഷം കാഞ്ഞങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ അച്‌ഛന്‍ പരാതി നല്‍കിയത്‌. പിന്നീട്‌ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടേയും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലുകളുടേയും പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയുടേയും അടിസ്‌ഥാനത്തില്‍ സോണിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അന്യസംസ്‌ഥാനങ്ങളില്‍ നല്‍കിയ ലുക്ക്‌ഔട്ട്‌ നോട്ടീസിന്റേയും കുടജാദ്രിയിലെ ജീപ്പ്‌ ഡ്രൈവറുടെ മൊഴിയുടേയും അടിസ്‌ഥാനത്തില്‍ ഒരുപാട്‌ അന്വേഷിച്ചെങ്കിലും സോണിയെ കണ്ടെത്താനായില്ല. സോണിയുടെ ചേട്ടന്‍ റാവു ഭട്ടതിരിപ്പാടും അന്വേഷണവുമായി ഏറെ അലഞ്ഞു. 2008 ഡിസംബര്‍ പന്ത്രണ്ടു വരെ സോണി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട്‌ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ആയി. എ.ടി.എമ്മില്‍നിന്ന്‌ ഇതിനിടെ സോണി 3000രൂപ പിന്‍വലിച്ചിരുന്നു. കൂടുതല്‍ പണം പിന്‍വലിച്ച്‌ യാത്ര തുടരേണ്ടെന്നു കരുതി വീട്ടുകാര്‍ എ.ടി.എം. ബ്ലോക്ക്‌ ചെയ്‌തു. എന്നാല്‍, ഇതേക്കുറിച്ചോര്‍ത്ത്‌ ഇപ്പോള്‍ ഇവരുടെ മനസ്‌ വിങ്ങുകയാണ്‌. ഭക്ഷണം കഴിക്കാനുള്ള പണംപോലും കൈയിലില്ലാതെ അലയുന്ന സോണിയെക്കുറിച്ചോര്‍ക്കുമ്പോള്‍ സുവര്‍ണ്ണിനി അന്തര്‍ജനത്തിന്റെ മിഴികള്‍ സജലങ്ങളാകുന്നു. സോണിയുടെ തിരോധാനം പുറത്തറിയാതിരിക്കാന്‍ കൊച്ചിയിലെ സത്യം ശിവം സുന്ദരം എന്ന സ്വകാര്യ ഡിറ്റക്‌ടീവ്‌ ഏജന്‍സിയെ വീട്ടുകാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പണം വാങ്ങിയ അവര്‍ ഒരന്വേഷണവും നടത്തിയില്ലെന്നു മാത്രമല്ല അന്വേഷണം വൈകിപ്പിക്കുകയും ചെയ്‌തു. ഇവരില്ലായിരുന്നെങ്കില്‍ സോണിയെ വളരെവേഗം കണ്ടെത്താനാകുമായിരുന്നെന്നു പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ പറയുന്നു. സോണിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ കുന്ദാപുരത്തിനു സമീപം ഗംഗോലിയിലാണ്‌ ആളുള്ളതെന്നു മനസിലാക്കി വീട്ടുകാര്‍ അവിടെയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ കൊല്ലൂരിലെ ഒരു ജീപ്പ്‌ ഡ്രൈവര്‍ സോണിയുടെ ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞു. സോണി കുടജാദ്രിയിലേക്കാണു പോയതെന്നു ഡ്രൈവര്‍ വ്യക്‌തമാക്കി. പ്രതീക്ഷയുടെ നെറുകയിലായി അപ്പോള്‍ സോണിയുടെ കുടുംബം. പോലീസെത്തിയപ്പോള്‍ ഡ്രൈവര്‍ മൊഴിമാറ്റി. ഇതോടെ പോലീസും വിഷമത്തിലായി. പിന്നീട്‌ ബംഗളുരു, മംഗലാപുരം, മൂകാംബിക, കുടജാദ്രി, ചെന്നൈ, രാമേശ്വരം തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സ്‌ഥലങ്ങളിലും സന്ദര്‍ശനം നടത്തി. ശ്രീശ്രീ രവിശങ്കറുമായി സോണിക്ക്‌ അടുത്ത ബന്ധമായിരുന്നു. അതിനാല്‍ അദ്ദേഹം തുടങ്ങുന്ന പുതിയ ചാനലില്‍ സോണിയുണ്ടാകുമെന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണവും വിഫലമായി. കര്‍ണാടകയിലെ ബോണിക്കുപ്പയിലെ ടിബറ്റന്‍ കോളനിയില്‍ സോണിയുണ്ടാകുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന്‌ പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ സര്‍വവ്യാധികളും മറന്ന്‌ അവിടേക്കോടിയെത്തി. എന്നാല്‍ നിരാശ വീണ്ടും പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തി. കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും പോലീസും അന്വേഷണങ്ങള്‍ തുടര്‍ന്നു. എന്നാല്‍ സോണി നിഗൂഢതയിലേക്ക്‌ ഊളിയിട്ടുകൊണ്ടേയിരുന്നു. അന്വേഷണങ്ങളുടെ സാംഗത്യം പരിശോധിക്കപ്പെട്ടുകൊണ്ടിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്‌ സോണിയുടെ പിതാവ്‌. സോണിയാ ഗാന്ധിയെയും അടുത്തറിയാം.

എന്നാല്‍ ഇവരിലൊന്നും സമ്മര്‍ദം ചെലുത്താന്‍ അദ്ദേഹം തയ്യാറല്ല. പരാതി നല്‍കിയിട്ട്‌ എന്തുകാര്യം? പരാതിപ്പെട്ടാല്‍ വേണമെങ്കില്‍ വീണ്ടും ഒരന്വേഷണ സംഘത്തെ നിയോഗിച്ചേക്കാം. അന്വേഷണങ്ങള്‍ വീണ്ടും നടന്നേക്കാം. അല്ലാതെന്തു പ്രയോജനം? എഴുപതുവര്‍ഷത്തെ ജീവിതത്തിനിടയില്‍ ആദ്യമായി പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ തോറ്റുകൊടുക്കുകയായിരുന്നു. മകന്‍ താനേ തിരിച്ചുവരുമെന്ന നഷ്‌ടപ്പെടുന്ന വിശ്വാസം വീണ്ടെടുക്കാന്‍.

ഇനി?

''ദക്ഷിണേന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും നിവേദ്യച്ചോറുകിട്ടും. ഇവിടെയെവിടെയെങ്കിലും നിവേദ്യവും ഭക്ഷിച്ച്‌ അവനുണ്ടാകും.'' പറഞ്ഞു തീരുമ്പോള്‍ പത്മനാഭന്‍ ഭട്ടതിരിപ്പാടിന്റെ മനസില്‍ സങ്കടത്തിന്റെ വേലിയേറ്റം. തൊണ്ടപൊട്ടിയുള്ള നിലവിളിപോലും ഈ വാക്കുകള്‍ക്കു മുന്നില്‍ നിഷ്‌പ്രഭമാകുന്നു. സജലങ്ങളായ മിഴികളോടെ അദ്ദേഹം പറയുന്നു. ''ഇപ്പോള്‍ അവന്റെ മുഖമെല്ലാം മാറിയിട്ടുണ്ടാകും. ഭക്ഷണം കഴിക്കാതെ വെയിലും കാറ്റുമേറ്റ്‌.. പഴയ ആ സുമുഖനായ ചെറുപ്പക്കാരനെ അന്വേഷിച്ചാല്‍ ഇനി കാണാന്‍ കഴിയില്ല. ജടപിടിച്ച തലമുടിയുമായി നടന്നകലുന്ന ഒരു വഴിപോക്കനെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.'' യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന സോണി യാത്രയില്‍ത്തന്നെയാകുമെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ''മടങ്ങിവന്നാലും സോണിക്കു നഷ്‌ടങ്ങള്‍ മാത്രമേ ഉണ്ടാകൂ. അവനെന്നും ഏറെ ആഗ്രഹിച്ചിരുന്ന മനസമാധാനം എന്നെന്നേക്കുമായി അവനു നഷ്‌ടമാകും. ചോദ്യശരങ്ങള്‍ അവന്റെ വിങ്ങുന്ന മനസില്‍ ആഴ്‌ന്നിറങ്ങും. അതവന്റെ നിഷ്‌കളങ്കമായ മനസിനെ അതേറെ വ്രണിതമാക്കും.'' അത്‌ സോണിക്കു താങ്ങാവുന്നതിലുമപ്പുറത്താകുമെന്ന്‌ അദ്ദേഹം ചിന്തിക്കുന്നു.

മനഃശാന്തിക്കായി തീര്‍ഥാടനങ്ങള്‍ നടത്തുന്ന പതിവ്‌ സോണിക്കു പണ്ടേയുണ്ടായിരുന്നു. മൂകാംബിയും കൊല്ലൂരും കുടജാദ്രിയുമെല്ലാം സോണിയുടെ ഇഷ്‌ട ഇടങ്ങളായിരുന്നു. ആരോടും പറയാതെ ജോലിക്കിടയില്‍നിന്നു മുങ്ങുന്ന സോണി അഞ്ചോ ആറോ ദിവസത്തെ യാത്രകള്‍ക്കുശേഷമാകും മടങ്ങിയെത്തുക. വീട്ടിലെത്തുമ്പോഴും സോണി ഏറെ ഉല്ലാസവാനായിരുന്നു. തറവാട്ടിലെ കുളത്തിലെ എണ്ണതേച്ചുള്ള കുളിയും കുട്ടികളുമൊത്തുള്ള കുസൃതികളുമെല്ലാം സോണിയില്‍ ആഹ്‌ളാദം നിറച്ചിരുന്നു. ആത്മസംതൃപ്‌തിക്കായി സോണി തെരഞ്ഞെടുത്ത മാര്‍ഗം ഇത്തരം യാത്രകളായിരുന്നു. കുടജാദ്രിയിലെ നനുത്ത മഞ്ഞില്‍ ആ മനസിന്റെ ഭാരങ്ങള്‍ മുഴുവന്‍ അലിഞ്ഞില്ലാതാകും. തീര്‍ത്തും ആഹ്‌ളാദപൂര്‍ണമായ ദിനങ്ങളാകും പിന്നീട്‌. ദിവസത്തിന്റെ 90 ശതമാനവും ജോലിയില്‍ അഭിരമിക്കുന്നതിനിടെ സോണിക്ക്‌ ആകെയുള്ള ദൗര്‍ബല്യം ഇത്തരം യാത്രകളാണ്‌. ആ ദൗര്‍ബല്യമാകാം സോണിയെ ഇന്നും അപ്രത്യക്ഷനായി തുടരാന്‍ പ്രേരിപ്പിക്കുന്നത്‌.

ജോലിയോട്‌ അസാമാന്യമായ സ്‌നേഹമായിരുന്നു സോണിക്ക്‌. മനോരമന്യൂസില്‍ ആദ്യവാര്‍ത്താ ബുള്ളറ്റിന്‍ മുതല്‍ രാത്രിയിലെ അവസാനവാര്‍ത്തയില്‍ വരെ ഇടപെടാന്‍ സോണി ശ്രമിച്ചിരുന്നു. വര്‍ക്ക്‌ഹോളിക്ക്‌ എന്നാണ്‌ സോണിയെ അച്‌ഛന്‍ വിശേഷിപ്പിക്കുന്നത്‌. സഹപ്രവര്‍ത്തകരുടെ അത്ഭുതമായിരുന്നു സോണി. സമൂഹത്തോടും തൊഴിലിനോടും ഏറെ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന സോണിക്ക്‌ പക്ഷേ ഒരിടത്തു പിഴച്ചു. മനോരമന്യൂസില്‍നിന്ന്‌ ഇന്ത്യാവിഷനില്‍ ചേക്കേറിയ നിമിഷം. സോണി ഇപ്പോള്‍ മനോരമയിലായിരുന്നെങ്കില്‍ അവര്‍തന്നെ അവനെ കണ്ടുപിടിച്ചുതന്നേനെയെന്നു പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ വിശ്വസിക്കുന്നു. സ്വാതന്ത്ര്യം കുറവെന്നുപറഞ്ഞു സോണി പോയത്‌ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തിടത്തേക്കാണ്‌. കാണാതായപ്പോള്‍ മുതല്‍ സോണി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ്‌ സോണി എവിടെയുണ്ടെന്നു മനസിലാക്കിയിരുന്നത്‌.

എന്നാല്‍, പെട്ടെന്നൊരുദിവസം ഇന്ത്യാവിഷന്‍ സോണിയുടെ നമ്പര്‍ കാന്‍സല്‍ ചെയ്‌ത് ഡ്യൂപ്ലിക്കേറ്റ്‌ സിം എടുത്ത്‌ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്കു നല്‍കി. ഇതോടെ സോണി എവിടെയെന്നു കത്തൊനുള്ള അവസാന മാര്‍ഗവും ഇല്ലാതായി. സോണിയുടെ ഭാര്യയും മക്കളും എന്തുചെയ്യുന്നുവെന്നോ അവര്‍ എങ്ങനെ ജീവിക്കുന്നുവെന്നോ അന്വേഷിക്കാന്‍ ഇന്ത്യാവിഷന്‍ തയാറായില്ലെന്നതും ഈ കുടുംബത്തെ വേദനിപ്പിക്കുന്നു. ഇന്ത്യാവിഷന്റെ പേ റോളില്‍ ഇപ്പോഴും സോണിയുടെ പേരുണ്ട്‌. പക്ഷേ, അവിടെ മനുഷ്യത്വമില്ല. അതിനാല്‍ തങ്ങളെക്കുറിച്ചോ ചാനല്‍റേറ്റിംഗ്‌ കൂട്ടാന്‍ ഏറെ സഹായിച്ച ജീവനക്കാരനെക്കുറിച്ചോ ചിന്തിക്കുന്നില്ല. മനോരമ വിട്ടത്‌ ശുദ്ധ മണ്ടത്തരമായിരുന്നെന്ന്‌ ഇപ്പോഴും ആ അച്‌ഛന്‍ പറയുന്നു. ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ നികേഷ്‌കുമാറിനും ചെയര്‍മാന്‍ മുനീറിനും മാപ്പുനല്‍കാന്‍ പത്മനാഭന്‍ ഭട്ടതിരിപ്പാടിന്‌ കഴിയുന്നതേയില്ല.

വിസ്‌മൃതിയിലാകുന്ന തിരോധാനം

ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെ കാണാതായി മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഇതേക്കുറിച്ച്‌ വേണ്ടവിധം ചര്‍ച്ചകള്‍ ഉയരുന്നില്ലെന്നു സോണിയുടെ പിതാവ്‌ പറയുന്നു. സോണിയെ കാണാതായ സമയത്ത്‌ ആദ്യം വാര്‍ത്തകള്‍ പുറത്തുവിടാതിരിക്കാന്‍ സോണിയുടെ കുടുംബം ശ്രമിച്ചിരുന്നു. യാത്ര ശീലമാക്കിയ സോണി ഉടന്‍ തിരിച്ചുവരുമെന്ന്‌ ഏവരും പ്രതീക്ഷിച്ചിരുന്നു. പരാതി നല്‍കിയാല്‍ അത്‌ അയാളുടെ കരിയറിനെ ബാധിക്കുമോയെന്ന സംശയവും ഇവര്‍ക്കുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിടുന്തോറും പ്രതീക്ഷ ആശങ്കയ്‌ക്കു വഴിമാറി. അതോടെ തിരോധാനം വാര്‍ത്തയായി. നൈമിഷിക ആയുസുള്ള വാര്‍ത്തകള്‍ക്കൊപ്പം സോണിയുടെ തിരോധാനവും ഒടുങ്ങി. ഒന്നാം വാര്‍ഷികദിനത്തില്‍ വാര്‍ത്തകള്‍ വീണ്ടും പൊടിതട്ടിയെടുക്കപ്പെട്ടെങ്കിലും വീണ്ടും സോണി ഓര്‍മകളില്‍ മാത്രമായി. ആത്യന്തികമായി മന്ന്യത്ത്‌് ഇല്ലത്തിന്റെ മാത്രം നഷ്‌ടമായി സോണി മാറി. ടിവി സ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകനെ കാണാതായിട്ടും സമൂഹത്തിന്റേയും അധികാരവര്‍ഗത്തിന്റേയും പ്രതികരണമിതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്‌ഥ എന്താകുമെന്ന ചോദ്യവും പത്മനാഭന്‍ ഭട്ടതിരിപ്പാടിനുണ്ട്‌്.

സോണിയുടെ കുടുംബം

നീലേശ്വരം പട്ടേനയിലെ ഗണപതി മാഷിന്റെ മകള്‍ സീമയാണ്‌ സോണിയുടെ ഭാര്യ. ആയുര്‍വേദ ഡോക്‌ടറായ ഇവര്‍ക്കൊപ്പമാണ്‌
മക്കളായ എട്ടുവയസുകാരന്‍ അനന്ദപത്മനാഭനും അഞ്ചുവയസുകാരി ഇന്ദുലേഖയും താമസിക്കുന്നത്‌്. സോണിയുടെ തിരോധാനം ഇവരിലേല്‍പ്പിച്ച ആഘാതം ഏറെ വലുതായിരുന്നു. വാര്‍ത്ത വായിക്കുന്നതിനിടെപ്പോലും സീമയ്‌ക്ക് സോണി എസ്‌.എം.എസ്‌. അയച്ചിരുന്നു. അത്രയ്‌ക്കു ജോളിയായിരുന്ന സോണി എന്തിന്‌ അപ്രത്യക്ഷനായെന്നത്‌ ഇന്നും സീമയ്‌ക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്‌. തറവാട്ടുവീട്ടിലെത്തുമ്പോള്‍ ഒരു കൂട്ടുകാരനായി തങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ത്ത സോണിയെന്ന പിതാവിന്റെ തിരോധാനത്തെക്കുറിച്ച്‌ കുട്ടികള്‍ ഇപ്പോള്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അച്‌ഛനെവിടെയെന്ന മക്കളുടെ ചോദ്യത്തിനുത്തരം നല്‍കാനാവാതെ സീമ ഒരുപാടു വിഷമിക്കുന്നുണ്ട്‌്.

സോണിയുടെ ഓര്‍മകള്‍ക്കുമുന്നില്‍ മൗനം മാത്രമായി സീമയുടെ മറുപടി ഒതുങ്ങുന്നു. പലപ്പോഴും സോണി യാത്രകള്‍ നടത്തിയിരുന്നു. ചിലപ്പോള്‍ വീട്ടില്‍ അസ്വാരസ്യങ്ങളുണ്ടാകുമ്പോള്‍ ഇറങ്ങിപ്പോകുന്ന പതിവ്‌ സോണിക്കുണ്ടായിരുന്നു. എന്നാല്‍ ഇത്രയും നീണ്ടൊരു യാത്ര എന്തിനെന്നു മനസിലാക്കാന്‍ സീമയ്‌ക്കായിട്ടില്ല.

വിങ്ങുന്ന മനസുമായി

മകനെ കാണാതെ മൂന്നുവര്‍ഷം എങ്ങനെ ജീവിച്ചുവെന്നു പത്മനാഭന്‍ ഭട്ടതിരിപ്പാടിനും സുവര്‍ണിനി അന്തര്‍ജനത്തിനും അറിയില്ല. ആദ്യമൊക്കെ കരച്ചില്‍ മാത്രമായി ദിവസങ്ങള്‍ തള്ളിനീക്കി. സോണിയെ അന്വേഷിച്ചിറങ്ങുന്ന പത്മനാഭന്‍ ഭട്ടതിരിപ്പാടിനേയും കാത്തു സുവര്‍ണിനി അന്തര്‍ജനം ഒരുപാട്‌ നാള്‍ പ്രതീക്ഷയോടെയിരുന്നിട്ടുണ്ട്‌. അടക്കിപ്പിടിച്ച തേങ്ങലുകള്‍ നിരാശനായി മടങ്ങിയെത്തുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ അണപൊട്ടുമായിരുന്നു. എന്നാല്‍ നിരാശയെ അതിജീവിക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ ഈ വൃദ്ധദമ്പതികളുടേത്‌. നേരം പുലരുന്നതു മുതല്‍ ഉറക്കംവരുന്നതുവരെ ഇരുവരും ജോലികളില്‍ മുഴുകുകയാണ്‌. ഒരുനിമിഷം പോലും സോണിയുടെ ഓര്‍മകള്‍ തങ്ങളിലേക്കെത്താതിരിക്കാന്‍ ഇവര്‍ ശ്രമിച്ചുപോകുന്നു. കാരണം സോണിക്കുവേണ്ടി കരയാന്‍ ഒരു തുള്ളി കണ്ണീരുപോലും ആ മിഴികളിലില്ല. കൂത്തുപറമ്പ്‌ അര്‍ബന്‍ ബാങ്ക്‌ ഡയറക്‌ടര്‍, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയംഗം, കില ഫാക്കല്‍റ്റി, സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ ഒരു മുഴുനീള പൊതുപ്രവര്‍ത്തകനാണ്‌. സോണിയെപ്പോലെ മനസമാധാനത്തിനായി യാത്രകളെ സ്‌നേഹിക്കുകയാണ്‌ ഇദ്ദേഹവും. പൊതുപരിപാടികള്‍, യാത്രകള്‍, പഠനക്ലാസുകള്‍ എന്നിവയ്‌ക്കെല്ലാം നേതൃത്വം നല്‍കാന്‍ അസാധാരണമായ താല്‍പര്യം ഇദ്ദേഹമിപ്പോള്‍ പ്രകടിപ്പിക്കുന്നു. സോണിയെക്കുറിച്ചെന്നല്ല തന്നെക്കുറിച്ചുപോലും ഓര്‍ക്കാതെ സമൂഹത്തിനുവേണ്ടി സര്‍വവും സമര്‍പ്പിക്കുന്ന ജീവിതമാണ്‌ ഇദ്ദേഹത്തിന്റേത്‌. ഗ്രാമപഞ്ചായത്തംഗമായ സുവര്‍ണിനി അന്തര്‍ജനവും പൊതുപ്രവര്‍ത്തനത്തില്‍ മുഴുകുകയാണ്‌. എങ്കിലും മകനെക്കുറിച്ചുള്ള ഓര്‍മകള്‍ ആ അമ്മയുടെ മനസില്‍ പലപ്പോഴും വിങ്ങലുണ്ടാക്കുന്നു. സദാസമയവും രാമനാമം ഉയര്‍ന്നുകേള്‍ക്കുന്ന മണ്ണില്‍ പ്രതീക്ഷ കൈവിടാതെ ഇവര്‍ സോണിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു...

 കടപ്പാട് : മംഗളം
 ...........................................................................

Soni M Bhattathiripad... How should I write about him; as a journalist or a family member!!! Well, thanks to Amrita TV and its program Kathayallithu Jeevitham for reminding everyone that such a person is still missing.
Born in a Brahmin family little Soni was always interested in writing stories and articles. Seeing this, his parents Padmanabhan Bhattathiripad and Suvarnini Antharjanam decided to let their son to choose a career according to his wish. He began his career as journalist in Malayala Manorama newspaper. As the bureau chief of Kazargod, he was one of the first to bring out the sufferings of Endosulfan victims. When Manorama launched a news channel, Soni joined as news reader in that, bringing all the latest updates from around the world. He was a well known figure among the television viewers of Kerala. Later, he joined Indiavision. There also, his popularity remained the same.
As the reporter of Indiavision, he was assigned to report Goa Film Festival in 2008. On his way back from Goa, Soni M Bhattathiripad went missing. He was travelling by train along with his father-in-law and disappeared in Kazargod. According to Soni's father-in-law, he said he wanted to go to toilet and went away. The old man searched the entire train and could not find him. From 8th December 2008, he is missing and it still continues as a mystery.
Soni had the habit of taking a break without letting others know. So his family thought he will come back after a few days. But he did not... His wife Dr. Seema filed a complaint in police station. The police did not act properly though they haven't closed the file. Soni's wife, his two children, parents and brother Rao are trying their best to find him. His mother waits every night with a plate of dinner for her son. His children believe their dad had gone for a reporting in Russia.
Media is a field where personal bondings are very low. When one person leaves the scene, there is always another to replace as the show must always go on without breaks. The channels have almost forgotten this journalist as it has hundred Sonis to replace him. The loss is only for his family and his dear ones.
For me, he belongs to my mother's family. In our country, he can be called as my mom's brother; and according to West, he is her cousin. As the family is so big with so many branches, I've not met many of the family members. Soni Bhattathiripad is also such a name though I know his parents. The only familiarity for me is that he resembles my mom's younger brother. Also when the program was over, I could see tears rolling down from my mom’s eyes. So, like other family members, I too pray for his come back.